
ഭവൻ–സയൻസ് സെന്റർ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി നവംബർ 10 മാറി. സംഘടനയുടെ ജീവനാഡിയും കരുത്തുമായ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ, രണ്ടാം നിലയിൽ മുള നിരത്തിയതിനു മുകളിൽ മണ്ണ് നിറയ്ക്കുന്ന പരിപാടി അതീവ വിജയകരമായി അന്നേ ദിവസം .പൂർത്തിയാക്കി. 75-ലധികം പേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. മേഖല തിരിച്ചുള്ള പങ്കാളിത്തം: നേമം – 11, തിരുവനന്തപുരം – 11, വെഞ്ഞാറമൂട് – 9, കഴക്കൂട്ടം – 9, വർക്കല – 7, നെയ്യാറ്റിൻകര – 4, നെടുമങ്ങാട് – 4, വെള്ളനാട് – 4, പാലോട് – 3, പാറശ്ശാല – 2, കിളിമാനൂർ – 2, പെരുങ്കടവിള – 2. ഇവർക്ക് പുറമേ കെ.കെ. കൃഷ്ണകുമാർ, ആർ. രാധാകൃഷ്ണൻ (അണ്ണൻ), ഡോ. ബി. ഇക്ബാൽ എന്നിവരും പങ്കുചേർന്നു. വൈകുന്നേരം കണ്ണൂർ ജില്ലയിലെ പ്രവർത്തകൻ ഗോപിയും നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ കാണാൻ എത്തിയിരുന്നു..രാവിലെ 9.45-ന് ജില്ലാ പ്രസിഡന്റ് ബി. നാഗപ്പന്റെ അധ്യക്ഷതയിൽ മണ്ണുൽസവം ഉദ്ഘാടനയോഗം ആരംഭിച്ചു. ജില്ലാ സെക്രട്ടറി അനിൽ നാരായണർ സ്വാഗതം ആശംസിച്ചു. തുടർന്ന് നിർമ്മാണ സമിതി കൺവീനർ കെ.ജി. ഹരികൃഷ്ണൻ പ്രവർത്തനങ്ങളുടെ ലഘു റിപ്പോർട്ട് അവതരിപ്പിക്കുകയും, ഭവൻ നിർമ്മാണത്തിന്റെ പാരിസ്ഥിതിക സമീപനവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാടുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള നവീന നിർമ്മാണ രീതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പരിഷത്ത് പ്രവർത്തനങ്ങളിലെ വൈകാരിക അടുപ്പത്തെയും ‘പാരിഷത്തികത’യെയും കുറിച്ച് ആർ. രാധാകൃഷ്ണൻ (അണ്ണൻ) സംസാരിച്ചു. തുടർന്ന് നിർമ്മാണ സമിതി ചെയർമാൻ എൻ. ജഗജീവൻ നിർമ്മാണ ഘടന, സംഘടനാ സംവിധാനങ്ങൾ, നിർവ്വഹണ രീതികൾ എന്നിവയോടൊപ്പം ‘മണ്ണ് ഉത്സവ’ത്തിന്റെ ഉദ്ഘാടന ക്രമത്തെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് രണ്ടാം നിലയിലേക്ക് പോകേണ്ട ക്രമീകരണങ്ങളെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയംഗം ജയകുമാർ അറിയിപ്പ് നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി മുരളീധരൻ കൃതജ്ഞത രേഖപ്പെടുത്തി
സമ്മേളനത്തിനു ശേഷം എല്ലാവരും രണ്ടാം നിലയിലെത്തി, രാവിലെ 10.45 മുതൽ 11.30 വരെ മണ്ണും കുമ്മായവും ചേർത്ത മിശ്രിതം ചട്ടിയിൽ കോരി നിരത്തിക്കൊണ്ട് ‘മണ്ണ് ഉത്സവ’ത്തിന് തുടക്കം കുറിച്ചു. തുടർന്ന് താഴത്തെ നിലയിൽ സംഭരിച്ചിരുന്ന മണ്ണ് മിശ്രിതം ഉച്ചയ്ക്ക് 3 മണിയോടെ രണ്ടാം നിലയിലേക്ക് എത്തിക്കുന്നതിനുള്ള സന്നദ്ധ സേവനവും ഒത്തൊരുമയോടെ പൂർത്തിയാക്കി. നമ്മുടെ സംഘടനയുടെ മുഖ്യനേതൃത്വമായ യൂണിറ്റ് ഭാരവാഹികൾ നേരിട്ട് കെട്ടിടത്തിന്റെ റൂഫ് നിർമ്മാണത്തിൽ പങ്കാളികളായി എന്നതിനൊപ്പം, 5000–6000 രൂപയുടെ സന്നദ്ധ സേവനമാണ് ഇന്ന് അവിടെ നടന്നത്. കൂടാതെ, ഭവൻ നിർമ്മാണത്തിന്റെ സവിശേഷതകളും പ്രകൃതിസൗഹൃദ രീതികളും നേരിട്ട് കണ്ട് മനസ്സിലാക്കാനും പ്രവർത്തകർക്ക് ഇതൊരു മികച്ച അനുഭവമായി മാറി.
ഇന്ന് പങ്കെടുത്ത പ്രവർത്തകർക്കും തൊഴിലാളികൾക്കുമുള്ള ചായയും ലഘുഭക്ഷണവും, മണ്ണ് മുകളിലേക്ക് മാറ്റാൻ സഹായിച്ച സന്നദ്ധ പ്രവർത്തകർക്കും തൊഴിലാളികൾക്കുമുള്ള ഉച്ചഭക്ഷണവും ജില്ലാ വൈസ് പ്രസിഡന്റ് ഷിബു, ജില്ലാ ട്രഷറർ ജയചന്ദ്രൻ, ജില്ലാ ആരോഗ്യ കൺവീനർ ജിനു എന്നിവർ ചേർന്നാണ് സ്പോൺസർ ചെയ്തത് എന്ന വിവരവും ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അവർക്ക് സംഘടനയുടെ പേരിലുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. ഇന്ന് നടന്ന എല്ലാ പ്രവർത്തനങ്ങളും SL സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ അമയ & ഹരിയും കൂടി ഡോക്യുമെൻ്റ ചെയ്യുയും ചെയ്തു . കോസ്റ്റ് ഫോസിൽ നിന്നും പി. ബി സാജനും അജയും നിർമ്മാണ ടീമിൻ്റെ ഭാഗത്തു നിന്നും വിജയണ്ണനും രാജൻസാറും മണ്ണ് നിരത്തലിന് ആവശ്യമായ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.
ഭവൻ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏറ്റവും ആവേശവും ഉത്സവപ്രതീതിയും സമ്മാനിച്ച ഒരു പരിപാടിയായി മണ്ണുൽസവം മാറി.


