
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് വിഭാവനം ചെയ്യുന്ന ജനകീയ സയൻസ് സെന്ററായ ‘സയൻസിടം’, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സവിശേഷമായ ഇന്റേൺഷിപ്പ് പ്രോഗ്രാം 2026-ലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ശാസ്ത്രത്തെ സാമൂഹിക വിപ്ലവത്തിനുള്ള ഉപാധിയായി കാണുന്ന പരിഷത്തിന്റെ കാഴ്ചപ്പാടിലൂന്നി, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ശാസ്ത്രീയ ഇടപെടലുകളിലൂടെ ഒരു പുതിയ സുസ്ഥിര വികസന സംസ്കാരം കെട്ടിപ്പടുക്കുകയാണ് സയൻസിടം ലക്ഷ്യമിടുന്നത്. ജനങ്ങളിൽ ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനും ശാസ്ത്രത്തിന്റെ രീതികൾ ലളിതമായി പ്രചരിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള സുസ്ഥിര നിർമ്മാണ രീതികളിൽ അക്കാദമികവും പ്രായോഗികവുമായ പരിശീലനം നേടാൻ അവസരമൊരുക്കുന്ന ഈ പദ്ധതി വഴി ഇന്റേണുകൾക്ക് കോസ്റ്റ്ഫോർഡ് (COSTFORD) നടത്തുന്ന ശ്രദ്ധേയമായ നിർമ്മാണ പ്രക്രിയയുടെ ഭാഗമാകാം. കാർബൺ പാദമുദ്ര (Carbon Footprint) പരമാവധി കുറച്ചുകൊണ്ടുള്ള ഈ നിർമ്മാണ ശൈലി പ്രായോഗികമായി പഠിക്കുന്നതിനൊപ്പം തന്നെ സോഷ്യൽ വർക്കിന്റെയും സാമൂഹിക ഇടപെടലുകളുടെയും വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാകുവാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. കൂടാതെ ഡിജിറ്റൽ പി.ആർ, കണ്ടന്റ് ക്രിയേഷൻ, വീഡിയോ ലോഗുകളുടെ നിർമ്മാണം, ഡോക്യുമെന്റേഷൻ എന്നീ മേഖലകളിൽ സജീവമായ പരിശീലനവും ഈ ഇന്റേൺഷിപ്പിന്റെ ഭാഗമായി നൽകുന്നുണ്ട്.
സിവിൽ എൻജിനിയറിങ്, ആർകിടെക്ചർ, സസ്റ്റൈനബിലിറ്റി സയൻസ്, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, സോഷ്യൽ വർക്ക്/സോഷ്യോളജി എന്നീ വിഷയങ്ങളിൽ പഠിക്കുന്ന ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. മെയ് മൂന്നാം വാരം ആരംഭിക്കുന്ന ഈ പരിശീലന പരിപാടി മൊത്തം 120 മണിക്കൂർ ദൈർഘ്യമുള്ളതാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (KSSP), കോസ്റ്റ്ഫോർഡ് (COSTFORD), ദ എർത്ത് റി ഇമാജിൻഡ് പ്രോജക്ട് (TERP) എന്നിവരുടെ സംയുക്ത പിന്തുണയോടെയും അക്കാദമിക രംഗത്തെ വിദഗ്ധർ അടങ്ങുന്ന ഉപദേശക സമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്.
ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ മെയ് 12-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കുവാനുള്ള ലിങ്ക് : https://forms.gle/91J8MfaWqFzVRWUF8
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: kssptvm.in

