കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും പടർത്തിയ പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരം, പരിഷത്തിന്റെ ആശയരൂപീകരണത്തിലും പ്രയോഗത്തിലും എക്കാലവും നേതൃസ്ഥാനത്താണ്. 1962-ൽ പരിഷത്ത് ഔദ്യോഗികമായി രൂപീകൃതമാകുന്നതിനും മുൻപേ, 1956-ൽ പി.ടി. ഭാസ്ക്കരപ്പണിക്കരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ‘കേരള ശാസ്ത്രസാഹിത്യ സമിതി’യിലൂടെ ജില്ലയിൽ ശാസ്ത്രപ്രചാരണത്തിന്റെ വിത്തുകൾ പാകപ്പെട്ടിരുന്നു. പിൽക്കാലത്ത് ബോംബെയിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള ബൗദ്ധിക കേന്ദ്രങ്ങളും ഒത്തുചേർന്നാണ് പരിഷത്ത് എന്ന പ്രസ്ഥാനം ഇന്നത്തെ രൂപത്തിൽ ജില്ലയിൽ വേരുറപ്പിച്ചത്. 1968-ൽ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടതോടെ തിരുവനന്തപുരം ജില്ല പരിഷത്തിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായി മാറി.
ജനകീയ ശാസ്ത്ര പ്രചാരണവും വിദ്യാഭ്യാസവും
1970-കളിൽ ‘പ്രകൃതി, ജീവൻ, സമൂഹം’ എന്ന വിഷയത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്ര ക്ലാസ്സുകൾ കേരളത്തിലുടനീളം വ്യാപിച്ച ശാസ്ത്ര പ്രചാരണ മാതൃകയായി. വികസനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ രൂപീകരിച്ച ഗ്രാമ ശാസ്ത്രസമിതികൾ, പ്രത്യേകിച്ച് പാലോട്, പെരിങ്ങമ്മല തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കി. വിദ്യാഭ്യാസ രംഗത്ത് ‘അക്ഷരവേദി’, ‘ബാലശാസ്ത്ര കോൺഗ്രസ്’, ‘ഗണിത ബോധനം’ തുടങ്ങിയവയിലൂടെ കുട്ടികൾക്കിടയിൽ ശാസ്ത്രീയ അവബോധം വളർത്താൻ പരിഷത്തിന് കഴിഞ്ഞു. ഇന്ന് ഈ പ്രവർത്തനങ്ങൾ സയൻസ് കോർണറുകൾ, ശാസ്ത്രപഥം, യുറീക്ക വിജ്ഞാനോത്സവങ്ങൾ എന്നിവയിലൂടെ പുരോഗമിക്കുന്നു. ആധുനിക കാലത്തെ കപടശാസ്ത്രങ്ങൾക്കെതിരെ ഡിജിറ്റൽ ഇടങ്ങളിൽ യുവസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം ജില്ലയിലെ പ്രവർത്തകർ ഉയർത്തുന്നുണ്ട്.
പരിസ്ഥിതി – ആരോഗ്യ മേഖലകളിലെ പോരാട്ടങ്ങൾ
സംസ്ഥാനത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ പ്രധാന ഏകോപന കേന്ദ്രമായിരുന്നു തിരുവനന്തപുരം. ജില്ലയുടെ പ്രാദേശിക തലത്തിൽ വെള്ളായണി കായൽ സംരക്ഷണം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് പ്രക്ഷോഭം, കോട്ടുകുന്നം മല ഖനന വിരുദ്ധ സമരം എന്നിവയിൽ പരിഷത്ത് നേതൃപരമായ പങ്ക് വഹിച്ചു. ആരോഗ്യരംഗത്ത് 1986-ൽ ഡോ. ബി. ഇക്ബാൽ, ഡോ. സി.ആർ. സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യ സർവ്വേ അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിനായി നടത്തിയ ‘സമതാ വിജ്ഞാനോത്സവങ്ങളും’ 1996-ലെ സംസ്ഥാന വനിതാ സംഗമവും ജില്ലയിലെ വനിതാവേദിയുടെ കരുത്ത് തെളിയിച്ചവയാണ്. നിലവിൽ കാലാവസ്ഥാ വ്യതിയാന പഠനങ്ങളിലും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലും പരിഷത്ത് സജീവമായി ഇടപെടുന്നു.
സംഘടനയും വികസന കാഴ്ചപ്പാടുകളും
തിരുവനന്തപുരം ജില്ലയുടെ സംഘടനാപരമായ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. എൺപതുകളുടെ ഒടുവിൽ 140 യൂണിറ്റുകളിലായി പതിനായിരത്തിലധികം അംഗങ്ങൾ ജില്ലയിൽ സജീവമായിരുന്നു. 1993-ലെ ‘സ്വാശ്രയ പദയാത്ര’ മുതൽ ഗാട്ടി കരാറിനെതിരായ പ്രക്ഷോഭങ്ങൾ വരെ സ്വാശ്രയത്വത്തിന് വേണ്ടിയുള്ള ശക്തമായ നിലപാടുകളായിരുന്നു. ലോക സോഷ്യൽ ഫോറത്തിന്റെ കേരള സമ്മേളനത്തിന് വേദിയായതും തിരുവനന്തപുരമാണ്. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളായ ‘ശാസ്ത്രഗതി’, ‘ഗണിതകൗതുകം’ എന്നിവയുടെ വിതരണത്തിലും പ്രചാരണത്തിലും ജില്ല എന്നും മുന്നിട്ടുനിന്നു. അംഗങ്ങൾ തന്നെ നേരിട്ട് പുസ്തകങ്ങൾ വിറ്റ് സമാഹരിച്ച തുക കൊണ്ടാണ് ചിറക്കുളം റോഡിലെ പഴയ ആസ്ഥാനവും പിന്നീട് കുതിരവട്ടം ലെയിനിലെ പരിഷത്ത് ഭവനും പണിതീർത്തത്.
വർത്തമാനകാല ദൗത്യം
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സി.ഡി.എസ് (CDS) പോലുള്ള സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ബൗദ്ധിക പിന്തുണയോടെ വളർന്ന തിരുവനന്തപുരം ജില്ലാ പരിഷത്ത്, ഇന്ന് കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളിൽ ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നു. എം.പി. പരമേശ്വരൻ, കെ.കെ. കൃഷ്ണകുമാർ തുടങ്ങിയ പ്രതിഭകൾ നൽകിയ നേതൃത്വം ഇന്നും ജില്ലയിലെ 100-ലധികം യൂണിറ്റുകൾക്ക് കരുത്തേകുന്നു. നഗരവൽക്കരണത്തിന്റെ പ്രശ്നങ്ങളും വൻകിട വികസനങ്ങളുടെ ആഘാതങ്ങളും ശാസ്ത്രീയമായി വിലയിരുത്തിക്കൊണ്ട് കൊണ്ട്, ശാസ്ത്രത്തെ ജനനന്മയ്ക്കുള്ള ആയുധമാക്കി മാറ്റാനുള്ള പോരാട്ടത്തിലാണ് തിരുവനന്തപുരം ജില്ലാ പരിഷത്ത്.
